10:37am 18 September 2026
NEWS
മാസപ്പടി വിവാദം: ഇ.ഡിക്കെതിരെ പടയൊരുക്കം; മൊഴി തിരുത്തി ശശിധരൻ കർത്തയും കൂട്ടരും
18/09/2026  08:33 AM IST
നിയമകാര്യ ലേഖകൻ
മാസപ്പടി വിവാദം: ഇ.ഡിക്കെതിരെ പടയൊരുക്കം; മൊഴി തിരുത്തി ശശിധരൻ കർത്തയും കൂട്ടരും

കൊച്ചി:​കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നീക്കങ്ങളെ പ്രതിരോധത്തിലാക്കി നിർണായക വഴിതിരിവ്. കേസിൽ ഇ.ഡി തനിക്കെതിരെ ചുമത്തിയ പ്രധാന മൊഴികൾ പൂർണ്ണമായി തള്ളി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എൻ. ശശിധരൻ കർത്ത രംഗത്തെത്തിയിരിക്കുന്നു. ഇ.ഡി ഡയറക്ടർക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര ഏജൻസിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.  
​ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ അവശനിലയിലായിരുന്ന തന്നെ, മാനസികമായി തകർത്ത് ബലം പ്രയോഗിച്ചാണ് ഇ.ഡി ഉദ്യോഗസ്ഥർ വിരലടയാളം പതിപ്പിച്ചതെന്നാണ് ശശിധരൻ കർത്തയുടെ സഹോദരൻ വഴി സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ഹൃദ്രോഗം, പാർക്കിൻസൺസ്, ഡിമെൻഷ്യ, ഗുരുതരമായ വൃക്കരോഗം തുടങ്ങിയ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന 72 കാരനായ തന്നെ ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ ക്രൂരമായ മാനസിക പീഡനത്തിനിരയാക്കിയെന്നും, ആ സാഹചര്യത്തിൽ മരിച്ചുപോകാൻ പോലും തോന്നിയിരുന്നുവെന്നും കർത്ത വ്യക്തമാക്കുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് മകൾ ടി. വീണയ്ക്ക് പണം നൽകിയതെന്ന രീതിയിൽ ഇ.ഡി പ്രചരിപ്പിച്ച മൊഴികൾ തികച്ചും കെട്ടിച്ചമച്ചതാണെന്നും ഈ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നു.  
​ശശിധരൻ കർത്തയ്ക്ക് പുറമെ സി.എം.ആർ.എല്ലിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരായ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാറും കമ്പനി സെക്രട്ടറിയും സമാനമായ രീതിയിൽ ഇ.ഡിക്ക് നൽകിയ മൊഴികൾ പിൻവലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും ഒഴിഞ്ഞ പേജുകളിൽ ഒപ്പും വിരലടയാളവും വാങ്ങി3മാണ് മുൻപ് മൊഴികൾ ഉണ്ടാക്കിയെടുത്തതെന്നാണ് ഇവർ ഒരേസ്വരത്തിൽ ആരോപിക്കുന്നത്.  
​അതിനിടെ, പിണറായി വിജയനടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഇ.ഡിയുടെ ആവശ്യത്തിൽ നിയമോപദേശം തേടി സർക്കാർ നീക്കം ശക്തമാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്. സാക്ഷികൾ തന്നെ മൊഴി മാറ്റിപ്പറഞ്ഞത് കോടതികളിൽ ഇ.ഡിയുടെ വാദങ്ങളെ കടുത്ത പ്രതിരോധത്തിലാക്കുമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img